Chartered Accountancy
ലക്ഷങ്ങളുടെ ക്യാപിറ്റേഷൻ ഫീസോ പതിനായിരങ്ങളുടെ സെമസ്റ്റർ ഫീസോ ഒന്നും വേണ്ട ഈ കോഴ്സിന് ചേരാൻ. പഠനത്തിനിടയിൽ സ്റ്റെപൻഡ് ഇങ്ങോട്ട് കിട്ടും. പഠിച്ചിറങ്ങിയാൽ 100 ശതമാനം തൊഴിൽ സാധ്യതയും ഉറപ്പ്. ആകെ വേണ്ടത് ചിട്ടയായ പഠനത്തിനുളള മനസ്സും കഠിനാധ്വാനത്തിനുളള സന്നദ്ധതയും മാത്രം. പറഞ്ഞു വരുന്നത് ചാർട്ടേഡ് അക്കൗണ്ടൻസി(സിഎ) എന്ന കരിയർ സാധ്യതയെക്കുറിച്ചാണ്.
പുതിയ കാലത്തും ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ഗ്ലാമർ പ്രഫഷന്റെ പ്രിയം അൽപം പോലും കുറഞ്ഞിട്ടില്ല. പഠിച്ചെടുക്കാൻ പാടുളള വിഷയമാണിതെന്ന് കരുതി പലരും ഈ വഴി തിരഞ്ഞെടുക്കാൻ മടിക്കുന്നുവെന്നു മാത്രം. പക്ഷേ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഓരോ വർഷവും ജയിച്ചിറങ്ങുന്നവരോട് ചോദിച്ചാൽ അവർ പറയും. അതിഭയങ്കരമായ ബുദ്ധിയല്ല. ക്രമമായുളള പഠനവും പ്രായോഗിക പരീശിലനവുമാണ് തങ്ങളെ വിജയിപ്പിച്ചതെന്ന്.
സർവകലാശാലകളിലല്ല പഠനം
ഇന്ത്യയിലെ ഒരു കോളേജിലും സർവകലാശാലയിലും സിഎ കോഴ്സ് പഠിപ്പിക്കുന്നില്ല. പാർലമെന്റ് ചട്ട പ്രകാരം സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) എന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സും പരീക്ഷയും നടത്തി മികവുറ്റവരെ കണ്ടെത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐസിഎഐ സെന്ററുകളിലായി ഒൻപതു ലക്ഷത്തോളം വിദ്യാർഥികൾ നിലവിൽ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സ് പടിക്കുന്നുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരുടെ എണ്ണം പക്ഷേ വളരെക്കുറവാണെന്നു മാത്രം.
കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഐസിഎഐ ശാഖകൾ പ്രവർത്തിക്കുന്നു.
കോമൺ പ്രൊഫിഷന്യൻസി ടെസ്റ്റ് (സിപിടി) വിജയിക്കലാണ് സിഎ ആകുന്നതിനുളള ആദ്യ കടമ്പ. പത്താം ക്ലാസ് കഴിഞ്ഞയുടൻ സിപിടിക്ക് രജിസ്റ്റർ ചെയ്യാം. തുടർന്ന് പ്ലസ് ടു പഠനത്തിനൊപ്പം സിപിടിക്കും പഠിക്കണം.
എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലാണ് സിപിടി നടക്കുക. പരീക്ഷയുടെ മൂന്നു മാസം മുൻപു രജിസ്റ്റർ ചെയ്താൽ മതി. രണ്ട് വിഭാഗങ്ങളിലായി നാല് പരീക്ഷകളുണ്ടാകും. ആദ്യ ഭാഗത്തിൽ ഫണ്ടമെന്റൽസ് ഓഫ് അക്കൗണ്ടിങ്, മെർക്കന്റൈൽലോ എന്നീ വിഷയങ്ങളും രണ്ടാം ഭാഗത്തിൽ ജനറൽ ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയും.
പ്ലസ് ടുവിന് ഏത് വിഷയമെടുത്തവർക്കും സിപിടി എഴുതാമെങ്കിലും കോമേഴ്സ് പഠിച്ചവർക്ക് എളുപ്പത്തിൽ വിജയിക്കാനാവും. പ്ലസ് ടുവിനു പടിച്ച അതേ വിഷയങ്ങളിൽ നിന്നു തന്നെയാണ് സിപിടിക്കും ചോദ്യങ്ങളുണ്ടാകുക എന്നതു കൊണ്ടാണിത്.
സിപിടി പാസായ വിദ്യാർഥികൾക്ക് ഇന്റഗ്രേറ്റഡ് പ്രഫഷനൽ കോംപിറ്റൻസ് കോഴ്സിന് (ഐപിസിസി) ചേരാം. ഐസിഎഐ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് എട്ടു മാസത്തിനു ശേഷമേ ഐപിസിസി പരീക്ഷ എഴുതാനാകൂ. പഠനസാമഗ്രികൾ തപാലിൽ അയച്ചു തരും. ഇതിൽ ഏഴ് പേപ്പറുകളുളള രണ്ട് ഗ്രൂപ്പുകൾ പാസാകേണ്ടതുണ്ട്. ഐപിസിസിയുടെ ഏതെങ്കിലും ഒരു ഗ്രൂപ്പ് പാസായവർ മൂന്നു വർഷത്തെ ആർട്ടിക്കിൾ ഷിപ്പ് ട്രെയിനിങ് പൂർത്തിയാക്കണം. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൂടെ നിന്ന് പ്രായോഗിക പരിശീലനം നേടലാണിത്. ഈ കാലയളവിൽ വിദ്യാർഥികൾക്ക് നിശ്ചിത തുക പ്രതിമാസ സ്റൈപ്പൻഡ് ലഭിക്കും. മൂന്നു വർഷത്തിനുളളിൽ ഐപിസിസിയുടെ രണ്ടാം ഗ്രൂപ്പ് എഴുതിയെടുക്കുകയും വേണം.
മൂന്നു വർഷത്തെ ആർട്ടിക്കിൾ ഷിപ്പ് ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സിഎയുടെ അന്തിമഘട്ടമായ ഫൈനൽ പരീക്ഷയ്ക്ക് തയാറെടുക്കാം. രണ്ട് ഗ്രൂപ്പുകളിലായി എട്ട് പരീക്ഷകളുണ്ടാകും ഫൈനലിന്.
രണ്ട് ഗ്രൂപ്പിലും വിജയിക്കുന്നവർക്ക് ഐസിഎഐയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി അംഗത്വം നൽകും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിക്കുന്നതിനും നിയമപരമായ അംഗീകാരം നൽകുന്നതാണ് അംഗത്വം. സിഎ പഠനത്തിന്റെ വിവിധ ഘട്ടങ്ങൾക്കിടയിൽ 100 മണിക്കൂർ ദൈർഘ്യമുളള ഐടി പരിശീലനം, 15 ദിവസത്തെ ജനറൽ മാനേജ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സ്കിൽ കോഴ്സ് (ജിഎംസിഎസ്) എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. ഇവയ്ക്കൊന്നും പരീക്ഷയില്ല. ഇതിൽ പങ്കെടുക്കാത്തവർക്ക് ഫൈനൽ പരീക്ഷ എഴുതാനാവില്ലെന്നുമാത്രം.
വിദൂര വിദ്യാഭ്യാസ രീതിയിൽ അധിഷ്ഠിതമായ സിഎ കോഴ്സിന്റെ വിവിധ ഘട്ടങ്ങൾക്കായി ഐസിഎഐ സെന്റുകൾക്കു പുറമേ നിരവധി സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇവയിൽ പല സ്ഥപനങ്ങളും പതിനായിരങ്ങൾ ട്യൂഷൻ ഫീസായി വാങ്ങുന്നുമുണ്ട്. 100 % വിജയം ഉറപ്പു നൽകികൊണ്ട് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെയൊന്നും ഐസിഎഐ അംഗീകരിക്കുന്നില്ല. അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പരീക്ഷയിൽ എന്തെങ്കിലും തരത്തിലുളള മുൻഗണന ലഭിക്കുകയുമില്ല. ഔദ്യോഗിക പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാൻ www.ical.org എന്ന വെബ് സൈറ്റ് കാണുക.
സോഴ്സ്: മനോരമ ഓൺലൈൻ
Post a Comment